കുറ്റ്യാട്ടൂർ എന്ന ഗ്രാമത്തിന്റെ പേരും പെരുമയും ആഗോള വിപണിയിൽ വരെ എത്തിച്ച കുറ്റ്യാട്ടൂർ മാങ്ങയ്ക്ക് ഏറെ കാലത്തെ കാത്തിരിപ്പ് ഒടുവിൽ ഭൗമ സൂചിക പദവി ലഭിച്ചു.
കുറ്റ്യാട്ടൂർ പഞ്ചായത്ത്, കൃഷി വകുപ്പ്, കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസേഴ്സ് കമ്പനി എന്നിവയുടെ നേതൃത്വത്തിൽ വർഷങ്ങളായി പദവി ലഭിക്കുന്നതിനുള്ള പരിശ്രമം തുടരുകയായിരുന്നു.
ഒന്നര വർഷം മുൻപ് പദവി ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയായി എങ്കിലും കോവിഡ് കാലമായതിനാൽ പ്രഖ്യാപനം നടന്നില്ല. ഫൈബറിൻ്റെ അളവ് വളരെ കൂടുതലുള്ള കുറ്റ്യാട്ടൂർ മാങ്ങ ഏറെ രുചികരവും മാംസളവുമാണ്.
കുറ്റ്യാട്ടൂർ മാങ്ങ, നമ്പ്യാർ മാങ്ങ എന്നും അറിയപ്പെടുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് നീലേശ്വരം രാജ കുടുംബത്തിൽ നിന്നും വേശാലയിലെ കാവില്ലത്തും, കുറ്റ്യാട്ടൂർ ചാത്തോത്ത് തറവാട്ടിലും എത്തിയതാണ് കുറ്റ്യാട്ടൂർ മാവിൻ തൈകൾ എന്നാണ് ഐതിഹ്യം.
മണ്ണും കാലാവസ്ഥയും അനുകൂലമായതോടെ തൈകൾ വളർന്ന് പന്തലിച്ചു. നിലവിൽ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ എവിടെ നോക്കിയാലും മാവുകളും സീസൺ സമയങ്ങളിൽ നിറയെ മാമ്പഴങ്ങളും കാണാം. ഇവിടെ നിന്നും തൈകൾ കൊണ്ടുപോയി നട്ടു പരിപാലിച്ച് സംസ്ഥാനത്തിൻ്റെ പലഭാഗങ്ങളിലും ഇപ്പോൾ മാങ്ങ ലഭിക്കുന്നുണ്ട്.
എന്നാൽ ഗുണ നിലവാരവും തനിമയും കുറ്റ്യാട്ടൂരിൽ ഉണ്ടാകുന്ന മാങ്ങയ്ക്ക് മാത്രമാണ്. ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവിൽ കുറ്റ്യാട്ടൂർ മാങ്ങക്ക് ദേശ സൂചിക പദവി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. റജിയും, കൃഷി ഓഫീസർ കെ.കെ. ആദർശും അറിയിച്ചു.
