കോഴിക്കോട്ട് രണ്ടിനം വവ്വാലുകളില്‍ നിപ സാന്നിധ്യം; ആന്റിബോഡി കണ്ടെത്തി
കോഴിക്കോട്ട് നിപാ വൈറസ് സ്ഥിരീകരിച്ച മേഖലകളില്‍ നിന്നെടുത്ത വവ്വാലുകളുടെ സാംപിളുകളില്‍ നിപാ വൈറസ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
എന്‍.ഐ.വി. പുണെയില്‍ നിന്നുള്ള റിസള്‍ട്ടിലാണ് കണ്ടെത്തലുള്ളത്. ഐ.സി.എം.ആര്‍. പഠനം തുടരുകയാണെന്നും സംസ്ഥാനത്തെ നിപ ബാധയുടെ പ്രഭവ കേന്ദ്രം വവ്വാല്‍ ആണെന്ന് അനുമാനിക്കാവുന്നതാണ് പഠനത്തിലെ കണ്ടെത്തലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
പ്രദേശത്തുനിന്നു പിടികൂടിയ വവ്വാലുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) നടത്തിയ പഠനത്തിലാണ് നിപയ്‌ക്കെതിരായ ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണത്തിന് വിശദ പഠനം വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിലവില്‍ നിപ ഭീതി ഒഴിഞ്ഞിട്ടുണ്ട്. നിപ ബാധയുണ്ടായയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആരിലും വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.