തളിപ്പറമ്പ് ധർമ്മശാല ഇൻഡസ്ട്രിയൽ ഡവലപ്പ്മെൻ്റ് പരിസരത്ത് നിന്ന് കഞ്ചാവ് ചെടികൾ പിടികൂടി. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.കെ. ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവ പിടികൂടിയത്.
ധർമ്മശാല ഇൻഡസ്ട്രിയൽ ഡവലപ്പ്മെൻ്റ് പരിസരം കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വളർത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതായി എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.
ഇതിനിടയിലാണ് ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ചാക്ക് കൊണ്ട് മറച്ച നിലയിൽ കഞ്ചാവ് ചെടികൾ പിടികൂടിയത്.
230 സെൻ്റീമീറ്റർ ഉയരത്തിലുള്ള 4 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഇവ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ കഞ്ചാവ് തൈകൾ നട്ടതെന്നാണ് വിവരം.
10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതികളെ കുറിച്ച് അന്വേഷണം തുടങ്ങിയതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.കെ ശ്രീരാഗ് കൃഷ്ണ പറഞ്ഞു.
