അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ... മാനം തെളിഞ്ഞാൽ കാണാം

അന്താരാഷ്ട്ര ബഹിരാകാശ നിലയം ഒക്ടോബർ 20 വരെ കേരളത്തിൽ നിന്നും ദൃശ്യമാകും. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ വ്യാഴാഴ്ച വൈകിട്ട് 6.45ന് നിലയം കടന്ന് പോകുന്നത് കാണാം.

പരമാവധി മൂന്ന് മിനുട്ട് നേരത്തേക്ക് മാത്രമേ നിലയം കാണാനാവൂ. ശനിയാഴ്ച വൈകിട്ട് 5.37 മുതൽ ആറ് മിനുട്ട് വരെ കാണാൻ പറ്റും. തിങ്കളാഴ്ചയും അൽപ്പനേരം അധികം ലഭിക്കും. 

ബഹിരാകാശ നിലയത്തിൻ്റെ സഞ്ചാരപാത കേരളത്തിന് മുകളിലൂടെ വരുന്നത് അപൂർവ്വത അല്ല. ഒരു വർഷം തന്നെ പല തവണ നിലയം നമ്മുടെ തലയ്ക്ക് മുകളിലൂടെ കടന്ന് പോകുന്നുണ്ട്. 

24 മണിക്കൂറിനിടെ 15 തവണയിലധികം ബഹിരാകാശ നിലയം ഭൂമിയെ ചുറ്റി വരുന്നുണ്ട്. ഭൂമിയും കറങ്ങിക്കൊണ്ടിരിക്കുന്നതിനാൽ നിലയത്തിന്റെ സഞ്ചാര പാതയും മാറിക്കൊണ്ടിരിക്കും. 

സൂര്യാസ്തമയ സമയത്തോ സൂര്യോദയ സമയത്തോ ആണ് നിലയം കാണാൻ കഴിയുക. 

അഞ്ച് ബഹിരാകാശ ഏജൻസികൾ ചേർന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം പരിപാലിക്കുന്നത്. അമേരിക്കയുടെ നാസ (NASA), ജപ്പാൻ്റെ ജാക്സ (JAXA), റഷ്യയുടെ റോസ്കോസ്മോസ്, കാനഡയുടെ സിഎസ്എ (CSA) എന്നിവയ്ക്ക് പുറമേ യൂറോപ്യൻ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസിയായ ഈസ (ESA). 
1998ലാണ് ബഹിരാകാശ നിലയത്തിൻ്റെ ആദ്യ മൊഡ്യൂൾ വിക്ഷേപിച്ചത്. 2000 നവംബർ മുതൽ സ്ഥിരമായി നിലയത്തിൽ മനുഷ്യവാസമുണ്ട്. ഭൂമിയിൽ നിന്നും 330 കിലോമീറ്റർ മുതൽ 435കിലോമീറ്റർ വരെ ഉരത്തിലുള്ള ഭ്രമണപഥത്തിലാണ് നിലയം സ്ഥിതി ചെയ്യുന്നത്.