ബേക്കറി ബിസ്ക്കറ്റുകള്‍ കൊണ്ട് തെയ്യത്തിന്‍റെ മുഖരൂപം

ബിസ്കറ്റുകൾ ചായയിൽ മുക്കി കഴിക്കാൻ മാത്രമല്ല ഛായാചിത്രങ്ങൾക്കും പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ഡാവിഞ്ചി സുരേഷ്.

വടക്കന്‍ മലബാറിന്‍റെ ആചാരാനുഷ്ടാന കലയായ തെയ്യത്തിന്‍റെ മുഖരൂപം ബേക്കറി ബിസ്കറ്റ് ഉൽപ്പന്നങ്ങളിൽ ഡാവിഞ്ചി സുരേഷ് ചിത്രരചന നടത്തി. 

24 അടി വലുപ്പത്തിലാണ് ചിത്രം. കണ്ണൂരിലെ നഗരമധ്യത്തിലുള്ള ബേക് സ്റ്റോറി ലൈവ് ബേക്കറിയിലെ ഷെഫ് റഷീദ് മുഹമ്മദിന്‍റെ  നിര്‍ദ്ദേശ പ്രകാരം കണ്ണൂരില്‍ എത്തിയ ഡാവിഞ്ചി സുരേഷ്  15 മണിക്കൂര്‍ സമയമെടുത്താണ് വലിയ ചിത്രം തീര്‍ത്തത്.

ഹാളിനുള്ളില്‍ ടേബിളുകള്‍ നിരത്തി അതിനു മുകളില്‍ തുണി വിരിച്ചു  ബിസ്ക്കറ്റുകള്‍ നിരത്തി വെച്ചും അടുക്കി വെച്ചുമാണ് ചിത്രം തയ്യാറാക്കിയത്. വിവിധ നിറങ്ങളിലും വിവിധ വലുപ്പത്തിലും ഉള്ള  ഇരുപത്തയ്യായിരം ബിസ്ക്കറ്റുകളും, മറ്റു ബേക്കറി ഉൽപ്പന്നങ്ങളും ഇതിനായി ഉപയോഗിച്ചത്. 

വിവിധ മീഡിയങ്ങളില്‍ ചിത്രങ്ങള്‍ ഉണ്ടാക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ എഴുപത്തി ഒന്‍പതാമത്തെ മീഡിയം ആണ് ബേക്കറി ഉൽപ്പന്നങ്ങൾ കൊണ്ട് കണ്ണൂരിൽ തയ്യാറാക്കിയത്.

നിർമ്മാണ ശേഷം ഈ ഉൽപ്പന്നങ്ങളെല്ലാം ബയോ ഡീ ഗ്രേഡ് ചെയ്യുവാൻ കണ്ണൂർ ജില്ലയിലെ വെറ്റിനറി ഫാമിലേക്ക് നൽകി. സുരേഷിനെ കൂടാതെ ക്യാമറാമെന്‍ സിംബാദ്, ഫെബി, കണ്ണൂരിലെ കലാകാരന്മാരായ ഷൈജു കെ മാലൂര്‍, ഗോകുലം രതീഷ്‌  ബേക് സ്റ്റോറി പ്രവര്‍ത്തകരും സഹായത്തിനുണ്ടായിരുന്നു.