മയ്യിൽ സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്നില്ല; വ്യാപാരി വ്യവസായി സമിതി പ്രതിഷേധ സമരം സംഘടിപ്പിച്ചു


മയ്യിൽ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

മയ്യിൽ സി.ആർ.സി. വായനശാലക്ക് മുൻവശം നടന്ന സമരം വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ രക്ഷാധികാരി കെ.നാണു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.പി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

യൂണിറ്റ് സെക്രട്ടറി സി.പി.ബാബു, പ്രസിഡണ്ട് എസ്.രാജേഷ്, ജില്ലാ കമ്മിറ്റി അംഗം ഉല്ലാസൻ മാരുതി, ഏരിയ ജോ. സെക്രട്ടറി എം.എം.ഗിരീശൻ, വിനോദൻ ടി. കണ്ടക്കൈ എന്നിവർ പ്രസംഗിച്ചു. പി.കെ.നാരായണൻ, വി.വി.വിജയൻ, പി.വി.ശശി, കെ.വി.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

സ്റ്റാൻഡിൽ കയറാതെ മെയിൻ റോഡ് വഴി കടന്ന് പോകുന്ന ബസുകളെ അടുത്ത ദിവസം മുതൽ തടഞ്ഞ് വയ്ക്കുമെന്ന് സമര സമിതി നേതാക്കൾ അറിയിച്ചു.

അതേസമയം ബസ് സ്റ്റാൻഡിലേക്ക് പോകുന്ന റോഡിൽ മയ്യിൽ സർവീസ് സഹകരണ ബാങ്കിന് മുൻവശം ഇരുവശങ്ങളിലുമായി അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നത് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് സ്റ്റാൻഡിൽ പ്രവേശിക്കാതിരിക്കുന്നതിന് കാരണമാകുന്നതെന്ന് ബസ് തൊഴിലാളികൾ പറഞ്ഞു.

വ്യാപാരി വ്യവസായി സമിതി നേതാക്കൾ സമരത്തിന് ശേഷം ബസുകൾ സ്റ്റാൻഡിൽ കൃത്യമായി പ്രവേശിക്കുന്നതിനും, ബസ് സ്റ്റാൻഡ് റോഡിലെ അനധികൃത പാർക്കിങ്ങിന് എതിരെ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മയ്യിൽ പൊലീസ്, പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി.