കർഷകരെ ആശങ്കയിലാഴ്ത്തി കുരുമുളക് ചെടികളിൽ  പായൽ ബാധ പടരുന്നു

കുരുമുളക് കൃഷിയിൽ സംസ്ഥാനത്ത് വയനാട് ജില്ലകളിൽ മാത്രം കണ്ടു വന്നിരുന്ന പായൽ ബാധ കുറ്റ്യാട്ടൂരിലും.

കർഷകർക്ക് ദുരിതങ്ങൾ തീർത്ത് കുറ്റ്യാട്ടൂരിൽ കുരുമുളക് ചെടികളിൽ പായൽബാധ പടരുന്നു. ഇലകൾക്ക് മുകളിൽ വെള്ള നിറത്തോടെ കാണപ്പെടുന്ന പായലുകൾ മതിയായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ചെടികളെ പൂർണമായും നശിപ്പിക്കുമെന്ന് കൃഷിവകുപ്പ് അധികൃതർ.

കാലാവസ്ഥ വ്യതിയാനമാണ് കുരുമുളക് ചെടികളിൽ പായൽ ബാധയ്ക്ക് കാരണമായത്. ഇലകളിൽ അസാധാരണമായ വെള്ള നിറം കണ്ടെത്തിയാൽ എത്രയും പെട്ടെന്ന് തന്നെ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം ദിവസങ്ങൾക്കുള്ളിൽ ചെടികളെ ബാധിക്കുകയും ചെടികൾ കരിഞ്ഞുണങ്ങി പൂർണമായും നശിക്കുമെന്നും കുറ്റ്യാട്ടൂർ കൃഷിഓഫിസർ കെ.കെ.ആദർശ് പറഞ്ഞു.

കോപ്പറോക്സി ക്ലോറയ്ഡ് മൂന്ന് ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി തയാറാക്കുന്ന ലായനിയോ, തുരിശ് ലായനിയോ തളിച്ചാൽ പായൽ ബാധ തടയുവാനും, പ്രതിരോധിക്കുവാനും സാധിക്കുമെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.

സംശയമുള്ളവർക്ക് കൃഷിഭവന്റെ സഹായം തേടാവുന്നതാണ്. കനത്ത മഴയിലും, വന്യമൃഗ ശല്യത്തിലും കൃഷി നശിച്ച് നാശനഷ്ടം സംഭവിച്ച കർഷകരെ കുരുമുളക് ചെടിയിലെ പായൽ ബാധ വീണ്ടും ആശങ്കയിലാഴ്ത്തുകയാണ്.