കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. കർഷകർ ദുരിതത്തിൽ


കുറ്റ്യാട്ടൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമായി തുടരുകയാണ്. രാത്രികാലങ്ങളിൽ എത്തുന്ന പന്നികൂട്ടങ്ങൾ കൃഷിയിടങ്ങളിൽ കടന്ന് നെൽക്കൃഷി അടക്കമുള്ള  കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവാകുകയാണ്. 

കഴിഞ്ഞ ദിവസം പെരുമ്പുള്ളിക്കരി കൊന്നിയോട്ട് വയലിൽ കെ.പി.ദേവി, മകൻ പ്രശാന്ത് എന്നിവരുടെ  ഒന്നര ഏക്കറോളം  നെൽകൃഷി പന്നികൾ നശിപ്പിച്ചു. കൂടാതെ സമീപം എം.സുകുമാരന്റെ ഉടമസ്ഥതയിലുള്ള തെങ്ങിൻ തോട്ടത്തിൽ നിന്നും മൂന്നു വർഷം പ്രായമുള്ള നാലോളം തെങ്ങുകളും പൂർണമായും കാട്ടുപന്നികൾ നശിപ്പിച്ചു. 

കൃഷിനാശം സംഭവിച്ച പാടശേഖരങ്ങൾ കുറ്റ്യാട്ടൂർ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് ഉദയൻ ഇടച്ചേരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സന്ദർശിച്ചു നാശനഷ്ടങ്ങൾ വിലയിരുത്തി. 

കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് മൂലം ബാങ്കുകളിൽ നിന്നും കാർഷിക വായ്പയെടുത്തും മറ്റും കർഷകർക്കു വൻ സാമ്പത്തിക നഷ്ടമാണ്  ഉണ്ടാകുന്നത്. നാശനഷ്ടം സംഭവിച്ചവർക്കു നഷ്ട പരിഹാരം ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.