പാവന്നൂർകടവ്-തിട്ടയിൽ അമ്പലം റോഡ് ടെൻഡർ നടപടിയിലേക്ക്
കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പാവന്നൂർകടവ് മുതൽ പൊന്താറമ്പ് - പള്ളിമുക്ക് - കുറുവോട്ട്മൂല വഴി തിട്ടയിൽ അമ്പലം വരെയുള്ള റോഡ് നിർമ്മാണം ടെൻഡർ നടപടികളിലേക്ക്.
വർഷങ്ങളായി ഗതാഗതയോഗ്യമല്ലാത്ത റോഡ് നാട്ടുകാർക്കും യാത്രക്കാർക്കും തീരാദുരിതമായി മാറിയിരുന്നു. കേന്ദ്ര സർക്കാരിന്റെ പിഎംജിവൈഎസ് പദ്ധതിയിലുൾപ്പടുത്തിയാണ് റോഡ് യാഥാർഥ്യമാക്കുന്നത്.
അഞ്ചര കോടി രൂപയുടെ നിർമാണം പൂർത്തിയായാൽ വൻകുന്നുകളും കുണ്ടുകുഴികളും നിറഞ്ഞ റോഡിലൂടെയുള്ള യാത്രദുരിതത്തിന് പരിഹാരമാകും.
കുറ്റ്യാട്ടൂർ പഞ്ചായത്തിന്റെ നിരന്തരമായ ഇടപെടലിലാണ് പദ്ധതി യാഥാർഥ്യമാകുകയും തുക അടിയന്തിരമായി ലഭ്യമാകുകയും ചെയ്തത്.
6.73 കിലോമീറ്റർ ദൂരമുള്ള റോഡിൽ കുന്നുകളുടെ കയറ്റം കുറച്ചും ആവശ്യമായ സ്ഥലങ്ങളിൽ കലുങ്കുകളും നിർമ്മിച്ച് 8 മീറ്റർ വീതിയിലാണ് നിർമ്മാണം പൂർത്തിയാക്കുക.
തുക അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് വന്നതിനാൽ ഉടൻ ടെൻഡർ നടപടികൾ പൂർത്തിയാക്കുമെന്നും ഡിസംബറോടെ റോഡ് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.പി.റെജി അറിയിച്ചു.
കെ.സുധാകരൻ എംപി സമർപ്പിച്ച പദ്ധതികളിൽ ഈ റോഡ് ഉൾപ്പെടെ 4 റോഡുകൾക്ക് 12.47 കോടി രൂപ പ്രധാനമന്ത്രിയുടെ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചതായി കെ.സുധാകരൻ എംപിയുടെ ഓഫിസിൽ നിന്നും അറിയിച്ചു.