മാതൃകയാണ് ഈ കുട്ടികളുടെ സത്യസന്ധത

നഷ്ടപ്പെട്ട സ്വർണ പാദസരം സുഹൃത്തുക്കളായ മൂവരുടെ സത്യസന്ധതയിൽ തിരികെ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് പുലപ്പാടി യശോദ.

വ്യാഴാഴ്ച പേരമകളെയും കൂട്ടി മാലൂർ ടൗണിൽ പോയ യശോദ വൈകിട്ട് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു.

യാത്രയ്ക്കിടെ പേരമകളുടെ കാലിലെ ഒരു പവന്റെ പാദസരം നഷ്ടപ്പെട്ടു. റോഡിൽ യശോദയും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വെള്ളിയാഴ്ച പുലർച്ചെ മാലൂർ-കുണ്ടേരിപ്പൊയിൽ റോഡിൽ പ്രഭാത സവാരിക്കിടെ മൂന്ന്‌ വിദ്യാർഥികളായ സുഹൃത്തുക്കൾക്ക് കപ്പറ്റപ്പൊയിൽ പരിസരത്തെ റോഡിൽനിന്ന് സ്വർണ പാദസരം ലഭിച്ചു. പനമ്പറ്റ ന്യൂ യു.പി. സ്കൂളിലെ അതുൽ, മാലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഷിയോൺ, അഭിനന്ദ് എന്നിവർക്കാണ് പാദസരം കിട്ടിയത്.

കുട്ടിയുടെ പാദസരം നഷ്ടപ്പെട്ടതറിഞ്ഞ വിദ്യാർഥികൾ യശോദയുടെ വീട്ടിലെത്തി കൈമാറി. ഇവരുടെ സത്യസന്ധതയെ നാട്ടുകാർ അഭിനന്ദിച്ചു.

ഇന്ന് അനുമോദനം
വീണുകിട്ടിയ സ്വർണപാദസരം ഉടമയെ കണ്ടെത്തി തിരിച്ചേല്പിച്ച അതുൽ, അഭിനന്ദ്, ഷിയോൺ എന്നീ വിദ്യാർഥികളെ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് മാലൂർ സിറ്റിയിലെ പ്രഭാത് ആർട്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽവെച്ച് ആദരിക്കും. ജാഗ്രതാസമിതി ഒരുക്കുന്ന ചടങ്ങിൽ കെ.കെ. ശൈലജ എം.എൽ.എ. പങ്കെടുക്കും.

കുറുമാണി അശോകൻ സ്മാരക ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളെ കുണ്ടേരിപ്പൊയിൽ നവോദയാ വായനശാല ഹാളിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് അനുമോദിക്കും.