ഐഫോണ്‍ കൈയിലുണ്ടെങ്കിൽ ഡ്യൂട്ടി കൊടുക്കണം; കണ്ണൂർ വിമാനത്താവളത്തിൽ വിചിത്ര നിയമമെന്ന് യാത്രക്കാർ


 കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസിനെക്കുറിച്ച്‌ ഗുരുതര ആരോപണവുമായി യാത്രക്കാര്‍.

ഐഫോണ്‍ കൈയിലുണ്ടെങ്കില്‍ ഡ്യൂട്ടി കെട്ടണമെന്ന വിചിത്ര നിയമം യാത്രക്കാരുടെ മേൽ അടിച്ചേല്‍പിക്കുന്നതായാണ് പരാതി.

യാത്ര സംബന്ധമായ പരിശോധന മുഴുവന്‍ കഴിഞ്ഞ് പുറത്തിറങ്ങിയാലും കസ്റ്റംസ് വക പുതിയൊരു പരിശോധന നടത്തിയാണ് യാത്രക്കാരെ പിഴിയുന്നത്.

4000 രൂപ മുതല്‍ ഇത്തരത്തില്‍ നികുതി നല്‍കേണ്ടതായി വരുന്നു. ഉപയോഗിക്കുന്നതും അല്ലാത്തതുമായ എല്ലാ ഐഫോണിനും ഡ്യൂട്ടി കെട്ടണമെന്നാണ് കസ്റ്റംസിൻ്റെ പിടിവാശി.

മൂന്ന് വര്‍ഷം മുമ്പിറങ്ങിയ ഐഫോണ്‍-10നും രണ്ട് വര്‍ഷം മുമ്പിറങ്ങിയ ഐഫോണ്‍ മോഡലിനും വരെ ഉദ്യോഗസ്ഥര്‍ ഇവിടെ ഡ്യൂട്ടി അടപ്പിക്കുന്നുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. മേലുദ്യോഗസ്ഥരെ കണ്ടാലും യാത്രക്കാര്‍ക്ക് രക്ഷയില്ല.

വിദേശ എ.ടി.എം കാര്‍ഡുകള്‍ സ്വീകരിക്കാത്ത വിമാനത്താവളത്തില്‍ പ്രവാസികള്‍ വിദേശത്ത് നിന്ന് ഇന്ത്യന്‍ കറന്‍സിയുമായി വരുകയോ അല്ലെങ്കില്‍ ബന്ധുകളോട് പുറത്ത് പണവുമായി വരാന്‍ ആവശ്യപ്പെടുകയോ ചെയ്യേണ്ട അവസ്ഥയാണ്.

ഇത് രണ്ടും സാധിക്കാത്ത ഇതര ജില്ലകളിലേക്ക് യാത്ര ചെയ്യേണ്ട പ്രവാസികള്‍ക്ക് ഫോണ്‍ വിമാനത്താവളത്തില്‍ വെച്ച്‌ വീട്ടിലേക്ക് മടങ്ങാം. പണമടക്കാനും ഫോണ്‍ തിരികെ വാങ്ങാനും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സൗകര്യമുള്ള ദിവസം ഏതാണെന്ന് വിളിച്ച് അന്വേഷിച്ച്‌ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വീണ്ടും എത്തേണ്ട സാഹചര്യമാണെന്നും യാത്രക്കാര്‍ പറയുന്നു.