കനത്ത മഴയിൽ വീടിന് സമീപത്തെ മതിൽ തകർന്ന് വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു
കഴിഞ്ഞ ദിവസം രാത്രിയിലെ കനത്ത മഴയിൽ വീടിന് സമീപത്തെ മതിൽ തകർന്ന് വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. മാണിയൂർ വേശാലമുക്കിലെ കെ.സി.രാജൻ്റെ വീടിനാണ് അപകടം സംഭവിച്ചത്.

വികസന പ്രവർത്തികൾ നടത്തിയ വേശാലമുക്ക് - കണ്ണൻ പീടിക റോഡരികിലുള്ള  വീട്ടിലേക്കാണ് സമീപത്തെ മതിൽ തകർന്ന് വീണത്.

വർഷങ്ങളായി കുന്നിൻ മുകളിൽ നിന്നുമുള്ള വെള്ളം ഒഴുകിയിരുന്ന ഓവുചാൽ വികസന പ്രവർത്തികൾക്കിടെ മൂടി. എന്നാൽ പുതിയ ഓവുചാൽ നിർമിച്ചതുമില്ല. 

ഇതോടെ മഴയിൽ മലിനജലവും, ചെളിയും ഒഴുകിയെത്തി വീട്ടുകാർ ദുരിതത്തിലായി. കഴിഞ്ഞ ദിവസം രാത്രിയിലെ കനത്ത മഴയിലാണ് മതിൽ തകർന്ന് വീടിലേക്കു പതിച്ച് കിടപ്പുമുറിയുടെ ചുമരിനു കേടുപാടു സംഭവിച്ചു. 

വീട് ചുമരുകൾ വിണ്ടുകീറി അപകടഭീഷണിയായിലാണ്. റോഡ് വികസന പ്രവൃത്തികൾ നടക്കുന്ന വേളയിൽ തന്നെ ഓവുചാൽ നിർമിച്ച് തരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും, എന്നാൽ ബന്ധപ്പെട്ടവർ ഓവുചാൽ നിർമിച്ച് നൽകിയില്ലെന്നും വീട്ടുടമ കെ.സി.രാജൻ പറയുന്നു. 

ഏകദേശം ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു. പ്രസ്തുത റോഡിന്റെ വികസന പ്രവൃത്തികൾ അശാസ്ത്രീയമാണെന്ന് പ്രവർത്തി നടക്കുന്ന വേളയിൽ തന്നെ നാട്ടുകാർ ആരോപിച്ചിരുന്നു. 

അപകടം നടന്ന വീട് കുറ്റ്യാട്ടൂർ  പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.നിജിലേഷ്, പഞ്ചായത്തംഗം എ.കെ.ശശിധരൻ എന്നിവർ സന്ദർശിച്ചു.