കുറ്റ്യാട്ടൂർ കോയ്യോട്ടുമൂലയിൽ തെരുവ് നായ ശല്യം രൂക്ഷം

കുറ്റ്യാട്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡായ കോയ്യോട്ടുമൂലയിൽ തെരുവ്നായ ഭീതിയിൽ നാട്ടുകാർ. ജനങ്ങൾക്കും, വളർത്തു മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയായി മാറുകയാണ് തെരുവ്നായകൾ.

കൂട്ടമായെത്തുന്ന പത്തിലേറെ നായകളെ ഭയന്ന് വീടിന് വെളിയിലിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് തങ്ങളെന്ന് നാട്ടുകാർ പറയുന്നു.

വീടുകളിൽ എത്തുന്ന നായക്കൂട്ടങ്ങൾ ഉണങ്ങാനിടുന്ന വസ്ത്രങ്ങൾ, ചെരുപ്പ് എന്നിവ കടിച്ച് കൊണ്ടുപോയി നശിപ്പിക്കുന്നത് പതിവാകുകയാണ്. 

കൂടാതെ കൂടുകൾ തകർത്ത് കോഴികളെയും, മുയലുകളെയും, പൂച്ചകളെയും പട്ടികൾ കൊന്നൊടുക്കുകയാണ്. കുറ്റ്യാട്ടൂർ വില്ലേജ് ഓഫിസ്, കൂറുംമ്പകാവ്, പള്ളിമുക്ക്, കുറ്റ്യാട്ടൃർ ശിവക്ഷേത്രം തുടങ്ങിയ ഭാഗങ്ങളിലാണ് തെരുവ്നായകൾ സ്വൈര്യവിഹാരം നടത്തുന്നത്.

ജനജീവിതത്തിനു വെല്ലുവിളി ഉയർത്തുന്ന തെരുവ് നായ ശല്യത്തിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ കുറ്റ്യാട്ടൂർ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.