പച്ചക്കറി കൃഷിയൊരുക്കി കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസ് അധികൃതർ



കുറ്റ്യാട്ടൂർ വില്ലേജ് ഓഫിസിന്റെ പിൻവശത്ത് വർഷങ്ങളോളം കാടുമൂടി കിടന്ന 20 സെന്റ് സ്ഥലത്താണ് വൈവിധ്യങ്ങളായ കൃഷി ഒരുക്കിയത്. ചെങ്കദളി വാഴ, മഞ്ഞൾ, കൂവ, പച്ചമുളക്, ഇഞ്ചി തുടങ്ങിയവയാണ് കൃഷി ചെയ്തിട്ടുള്ളത്.

കാടുകൾ വെട്ടിത്തെളിച്ച് നിലമൊരുക്കിയതും കൃഷി ഒരുക്കിയതും എല്ലാം വില്ലേജ് ഓഫിസർ വി.അനിൽകുമാറിന്റെ നേതൃത്വത്തിലാണ്. സഹായത്തിനായി കുറ്റ്യാട്ടൂർ പഞ്ചായത്ത് മുൻ അംഗം കെ.റിജേഷുമുണ്ട്.

കുറ്റ്യാട്ടൂർ കൃഷിഭവൻ കൃഷി ഓഫിസർ കെ.കെ.ആദർശ്, കൃഷി അസിസ്റ്റന്റുമാരായ ഉദയൻ ഇടച്ചേരി, വി.കെ.ജയരാജൻ എന്നിവരാണ് ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകിയത്.

വില്ലേജ് ഓഫിസർ വി.അനിൽകുമാറിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫിസ് വളപ്പിലെ കൃഷി മാതൃകാപരമായ പ്രവർത്തനമാണെന്ന് കുറ്റ്യാട്ടൂർ കൃഷി ഓഫിസർ കെ.കെ.ആദർശ് പറഞ്ഞു.