പാട്ട് പാടി പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ

ചികിത്സ സഹായധനം സ്വരൂപിക്കാനെന്ന പേരില്‍ പാട്ട് പാടി പണം തട്ടിയെടുക്കുന്ന യുവാവിനെ ശ്രീകണ്ഠപുരം സിഐ ഇ.പി.സുരേശന്‍ പിടികൂടി. കൊല്ലം അഞ്ചാലംമൂട് മഞ്ജു ഭവനില്‍ പനയാന്‍ മനീഷാണ്​ (41) പിടിയിലായത്.

ചികിത്സ സഹായധന സമാഹരണത്തിന് ശ്രീകണ്ഠപുരം ടൗണില്‍ മൈക്ക് ഉപയോഗിച്ച്‌ പാട്ട് പാടി പണം പിരിക്കാന്‍ അനുമതി തേടിയാണ് മനീഷ് ശ്രീകണ്ഠപുരം പൊലീസ് സ്​റ്റേഷനിൽ എത്തിയത്. പെരിനാട്ടെ അനീഷ് എന്ന വൃക്കരോഗിയുടെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് ധനസമാഹരണം എന്നാണ് പറഞ്ഞത്.

കഴിഞ്ഞയാഴ്ച കാസര്‍കോട്ട്​ ഒരു അനാഥാലയത്തിന് ധനസമാഹരണത്തിന് പാട്ട് പാടാന്‍ ഉച്ചഭാഷിണിക്ക് അനുമതി തേടിയെത്തിയ സംഘം തട്ടിപ്പുകാർ ആണെന്ന് കണ്ടെത്തിയിരുന്നു. എഎസ്ഐ പി.കെ. അഷ്​ടമൂര്‍ത്തിയും എസ്ഐ എ.വി. ചന്ദ്രനും ഇയാളെ പലതവണ ചോദ്യം ചെയ്തപ്പോള്‍ തട്ടിപ്പ് സൂചന ലഭിക്കുകയായിരുന്നു.

പെരിനാട്ടെ അനീഷി​‍ൻ്റെ ബന്ധുക്കളെ ഫോൺ ചെയ്തപ്പോൾ ഇങ്ങനെയൊരു ചികിത്സ കമ്മിറ്റിയെക്കുറിച്ച്‌ അറിയില്ലെന്നും വൃക്ക രോഗിയായ അനീഷിന് വേണ്ടി നാട്ടില്‍ ചികിത്സ കമ്മിറ്റി പ്രവര്‍ത്തനം നടത്തുന്ന വിവരവും ലഭിച്ചത്. ഇതേത്തുടര്‍ന്ന് സി.ഐ ഇ.പി.സുരേശന്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംസ്ഥാനത്തി​‍ൻ്റെ പല ഭാഗത്തും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയയാളാണ് മനീഷെന്ന് വ്യക്തമായത്.

അത്തോളി, പേരാമ്പ്ര, കുണ്ടറ, അങ്കമാലി എന്നിവിടങ്ങളില്‍ ചിട്ടി തട്ടിപ്പ് ഉള്‍പ്പെടെ ഏതാണ്ട് പന്ത്രണ്ട് കേസുകളില്‍ പ്രതിയാണ് മനീഷ്. പേരാമ്പ്ര പൊലീസി​‍ൻ്റെ പിടികിട്ടാപ്പുള്ളി കൂടിയാണ് ഇയാള്‍.

2012 -14 വര്‍ഷങ്ങളിലാണ് ഇയാള്‍ പല കേസുകളിലും പ്രതിയായതെന്നും തെളിഞ്ഞു. ഫോണ്‍ ഉപയോഗിക്കാതെ പലയിടത്തും ചികിത്സ ധനസഹായമെന്ന് പറഞ്ഞ് ഗാനമേള നടത്തി പണം സമാഹരിച്ച്‌ ഒളിവില്‍ കഴിയുകയായിരുന്നു മനീഷെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ വിവിധ നഗരങ്ങളിലായി ഒരാഴ്ചയിലധികമായി ഇയാള്‍ പാട്ട് സംഘവുമായി കറങ്ങുകയായിരുന്നു.

ശ്രീകണ്ഠപുരം പൊലീസ് മനീഷിനെ പേരാമ്പ്ര പൊലീസിന് കൈമാറി. ഡ്രൈവര്‍ ഉള്‍പ്പെടെ 6 പേര്‍ മനീഷിൻ്റെ സംഘത്തിൽ ഉണ്ടായിരുന്നു.

എന്നാല്‍ ഇയാള്‍ തട്ടിപ്പുകാരനാണെന്ന് അവര്‍ക്കാര്‍ക്കും അറിയുമായിരുന്നില്ല. പാട്ട് പാടാന്‍ വിളിച്ചതിനെ തുടർന്നാണ് ഇവരൊക്കെ മനീഷിനൊപ്പം വന്നത്. അതിനാല്‍ പൊലീസ് ഇവരെ താക്കീത് ചെയ്ത്​ വിട്ടയച്ചു.