ഇന്ത്യൻ പനോരമയിലേക്ക് ‘ചെറുപഴശ്ശിക്കാരനും’


അകക്കണ്ണിൻ്റെ വെളിച്ചത്തിൽ നാരായണൻ ചെറുപഴശ്ശി മുഖ്യ കഥാപാത്രത്ത അവതരിപ്പിച്ച 'നിറയെ തത്തകളുള്ള മരം' ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ജയരാജാണ് ചിത്രത്തിൻറ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത്. കേരളത്തിൽനിന്നും തെരഞ്ഞെടുത്ത രണ്ട് ചിത്രങ്ങളിലൊന്നാണ് ഇത്. ഐഎഫ്എഫ്കെയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രഞ്ജിത്ത് ശങ്കർ-ജയസൂര്യ ചിത്രം സണ്ണിയാണ്‌ മേളയിലേക്ക് തെരഞ്ഞെടുത്ത മറ്റൊരു ചിത്രം.

ചെറുപ്രായത്തിൽ തന്നെ കണ്ണിൽ ഇരുട്ട് നിറഞ്ഞെങ്കിലും നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോയാണ് നാരായണൻ ചെറുപഴശ്ശി ഓരോ ജീവിത വിജയും നേടിയത്. 20 വർഷം കെൽട്രോണിൽ ജീവനക്കാരൻ ആയിരുന്നു. സേവന കാലത്ത് രാഷ്ട്രപതിയുടെ അവാർഡ് നേടി.

പിന്നീട് കല്ല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറിയിൽ അധ്യാപകനായും പ്രവർത്തിച്ചു. ഇതിനിടയിലാണ് കാഴ്ച വെല്ലുവിളി നേരിടുന്നവർക്കായി
1998-ൽ ധർമശാലയിൽ മാതൃകാ അന്ധ വിദ്യാലയം സ്ഥാപിച്ച് ഒട്ടേറെപ്പേർക്ക് ജീവിത വഴി തുറന്ന് കൊടുത്തത്. നിലവിൽ ആ സ്ഥാപനത്തിൻ്റെ മേധാവിയാണ്.

അപ്രതീക്ഷിതമായാണ് നാരായണൻ സിനിമയിലെത്തിയത്. ഗീവർഗീസ് എന്ന എൺപതുകാരനെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. കഴ്ചയും ഓർമ്മയും നഷ്ടപ്പെട്ട ഗീവർഗീസ് കായലോരത്ത് ഒറ്റയ്ക്ക് നിൽക്കുന്നത് എട്ട് വയസ്സുകാരനായ ഒരു ബാലൻ കാണുന്നു.

കാര്യം തിരക്കിയപ്പോൾ ഒരു കാര്യം മാത്രമേ അയാൾക്ക് ഓർമ്മയുള്ളൂ. വീടിനരികെ നിറയെ തത്തകളുള്ള ഒരു മരമുണ്ടെന്ന വിവരം. ഇതോടെ ബാലൻ തോണിയിൽ ഗീവർഗീസിനെയും കൂട്ടി മരം തേടി യാത്രയാകുന്നു. അവസാനം ആ വീട് കണ്ടെത്തുന്നു.

ആലപ്പുഴ സ്വദേശി ആദിയാണ് ബാലനായി വേഷമിട്ടത്. ചിത്രത്തിൻ്റെ നിർമ്മാണം വിനു ആർ. നാഥും ക്യാമറ ഷിനോജ് ടി. ചാക്കോയും ആണ്. ചീഫ് അസോസിയേറ്റ് എ.കെ.ബിജുരാജാണ് കേന്ദ്ര കഥാപാത്രമായ നാരായണൻ പഴശ്ശിയെ കണ്ടെത്തി ചിത്രത്തിലെത്തിച്ചത്. ചെറുപഴശ്ശി സ്വദേശിയായ നാരായണൻ ഇപ്പോൾ ബക്കളത്താണ് താമസം. ഭാര്യ ചന്ദ്രമതി മക്കൾ സുജയ, സരിഗ.