കുടിവെള്ള ദുരിതത്തിൽ വലഞ്ഞ് നിരവധി കുടുംബങ്ങൾ


നിരന്തരമായി പൈപ്പ് പൊട്ടുന്നത് മൂലം ശുദ്ധജലം ലഭ്യമാകാതെ നൂറുകണക്കിന് ഉപഭോക്താക്കൾ ദുരിതത്തിലാകുന്നു.

കൊളച്ചേരി ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പുകളാണ് പതിവായി പൊട്ടി ഉപഭോക്താക്കളുടെ കുടിവെള്ളം മുട്ടിക്കുന്നത്. മുപ്പത് വർഷം മുൻപ് സ്ഥാപിച്ച കോൺക്രീറ്റ് പൈപ്പുകളാണ് നിരന്തരമായി പൊട്ടുന്നത്.

കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി, നാറാത്ത് തുടങ്ങിയ പഞ്ചായത്തുകളിൽ പൈപ്പ് വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങളുണ്ട്. വർഷങ്ങൾക്ക് മുൻപ് റോഡിന് അരികിൽ സ്ഥാപിച്ച പൈപ്പുകൾ റോഡ് വികസനം നടത്തിയപ്പോൾ റോഡിന് നടുവിലായി.

നിരന്തരമായി വെള്ളം ചീറ്റിയൊഴുകുന്നത് കാരണം മെക്കാഡം ടാറിങ് ഉൾപ്പെടെ നടത്തി വികസന പ്രവൃത്തികൾ പൂർത്തിയാക്കിയ റോഡുകൾ അടക്കം തകർന്ന് കുഴികളായി മാറിയിരിക്കുന്നു. നേരത്തേ പൊട്ടി കൊണ്ടിരുന്ന ഭാഗങ്ങൾ തന്നെയാണ് വീണ്ടും പൊട്ടുന്നതെന്ന് നാട്ടുകാർ പറയുന്നു. 

അറ്റകുറ്റ പണികൾ എന്നത് താൽക്കാലികം മാത്രമാണെന്നും പൊട്ടൽ പൂർണമായും തടയാൻ പഴയ കോൺക്രീറ്റ് പൈപ്പ് മാറ്റി ലോഹ നിർമിത പൈപ്പുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ പറയുന്നു. ഒരേ ദിവസം തന്നെ പല ഭാഗങ്ങളിലായി പൈപ്പ് പൊട്ടുന്നത് കാരണം അനേകം ലിറ്റർ ശുദ്ധജലമാണ് പാഴാകുന്നത്. പരിഹാരം കാണാൻ അധികൃതർ അടിയന്തരമായും ഇടപെണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.