ശ്രീ തീർത്ഥാട്ട് പൊന്മല ഗുഹാക്ഷേത്രത്തിൽ അമാവാസി വാവുത്സവം
കേരളത്തിലെ അപൂർവം ചില ഗുഹാക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ തീർത്ഥാട്ട് പൊന്മല ഗുഹാക്ഷേത്രത്തിലെ അമാവാസി വാവുത്സവം നാളെ നടക്കും.പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ഉത്സവാഘോഷമെന്ന് ഭാരവാഹികൾ അറിയിച്ചു.
കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ തീർത്ഥാട്ട് മലയുടെ ഒരു ഭാഗത്താണ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഗുഹാമുഖത്ത് നിന്നും മുന്നോട്ട് അകന്ന് നീങ്ങി മൂന്ന് ഭാഗങ്ങളായി വേർതിരിയുന്ന ഭാഗത്തെ അറയ്ക്കുള്ളിൽ സ്വയംഭൂവായ മണ്ണ് കൊണ്ടുള്ള ഗണപതി രൂപത്തിന് മുന്നിലാണ് ഉത്സവ ചടങ്ങുകൾ നടക്കുന്നത്.
പ്രധാന ചടങ്ങ് ഗണപതി ഹോമമാണ്. രാവിലെ പത്ത് മണിയോടെ ക്ഷേത്രം സ്ഥാനിക ആരൂഢമായ അയ്യപ്പൻ ചാലിൽ നിന്നും വിളക്കും തിരിയും എഴുന്നള്ളിച്ച് വരുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകുന്നു. ദേശവാസികളുടെ വകയായി കാഴ്ച്ചവരവും ഉണ്ടാകാറുണ്ട്.
അയ്യപ്പൻ ചാലിൽ വാസുദേവൻ, കൊയ്യം ഗോവിന്ദൻ ഗുരിക്കൾ എന്നിവരാണ് ചടങ്ങുകൾക്ക് പ്രധാന കാർമികത്വം വഹിക്കുന്നത്. വർഷത്തിൽ തുലാമാസ അമാവാസി നാളിൽ നടക്കുന്ന ഈ ഉത്സവത്തിന് മാത്രമേ ഗുഹയ്ക്ക് ഉള്ളിലേക്ക് ആളുകൾക്ക് പ്രവേശനമുള്ളു.
ഋഷീശ്വരന്മാർ തപസ് അനുഷ്ഠിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഗുഹയ്ക്ക് കാവേരി സംക്രമവുമായി ബന്ധമുണ്ടെന്നാണ് വിശ്വാസം. ഏതു കൊടിയ വേനലിലും ഗുഹാമുഖത്ത് നിന്നും തുള്ളികളായി ഇറ്റിവീഴുന്ന ജലം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.
ഈ ജലത്തെ കാവേരി സംക്രമ തീർത്ഥ ജലമായാണ് ഭക്തജനങ്ങൾ വിശ്വസിച്ച് പോകുന്നത്. തീർത്ഥ ജലമുള്ളത് കൊണ്ടാണ് ഗുഹ ഉൾപ്പെടുന്ന മലയ്ക്ക് തീർത്ഥാട്ട് മലയെന്ന് വിശേഷണം വന്നതെന്ന് പഴമക്കാർ പറയുന്നു.
മയ്യിൽ - ചാലോട് പ്രധാന റോഡിൽ ഉരുവച്ചാലിൽ നിന്നും ആരംഭിക്കുന്ന മലയ്ക്ക് സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 500 അടിയിലേറെ ഉയരമുണ്ട്.