ഒറ്റ നമ്പർ ചൂതാട്ടം; രണ്ട് പേർ അറസ്റ്റിൽ

കമ്പിൽ തെരു റോഡിൽ ഒറ്റ നമ്പർ ചൂതാട്ടം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് മയ്യിൽ പോലീസ് ഇന്നലെ രാത്രി നടത്തിയ റെയ്ഡിൽ രണ്ട് പേർ പിടിയിലായി. ഇവരുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. 

കൊളച്ചേരി സ്വദേശി ഹരിദാസൻ, ചെറുപഴശി സ്വദേശി ടി.വി.സിയാദ് എന്നിവരെയാണ് മയ്യിൽ പോലീസ് ഇൻസ്പെക്ടർ പി.കെ.മോഹിതിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.പി.മനോജ്, ഗ്രേഡ് എസ്.ഐ വിനോദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് നോട്ട്ബുക്കിൽ നമ്പർ കുറിച്ച് ഫോൺ മുഖാന്തിരമായിരുന്നു ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയിരുന്നത്.

പ്രതികളിൽ നിന്ന് 81,000 രൂപയും, ഒറ്റ നമ്പർ കുറിപ്പടിക്കായി സൂക്ഷിച്ച നോട്ട്ബുക്കും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.