തെരുവ്നായ ശല്യത്തിൽ പൊറുതിമുട്ടി രണ്ടാം വാർഡ് നിവാസികൾ
കുറ്റ്യാട്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡായ കോയ്യോട്ടുമൂലയിലെ ജനങ്ങൾ തെരുവ് നായശല്യം കാരണം പൊറുതി മുട്ടിയിരിക്കുകയാണ്. ജനങ്ങൾക്ക് മാത്രമല്ല, വളർത്തുമൃഗങ്ങൾക്ക് അടക്കം ഇവ ഭീഷണിയായി മാറുകയാണ്.കഴിഞ്ഞ ദിവസം രാത്രി പള്ളിമുക്കിന് സമീപത്തെ മുസ്തഫയുടെ സൈനബ മൻസിലിൽ നിന്നും ഒൻപത് കരിങ്കോഴി ഇനത്തിൽ പെട്ടതും, ഒരു നാടൻ കോഴിയെയുമാണ് കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ കൂട് തകർത്ത് കൊന്നൊടുക്കിയത്.
നേരത്തേയും ഇവിടെ നിന്നും കോഴികളെ തെരുവ് നായകൾ കൂട് തകർത്ത് കൊന്നിട്ടുണ്ട്. കൂട്ടാമായി എത്തുന്ന പത്തിലേറെ നായ്ക്കളെ ഭയന്ന് വീടിന് വെളിയിലിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് തങ്ങളെന്ന് നാട്ടുകാർ പറയുന്നു.
വീടുകളിൽ എത്തുന്ന നായക്കൂട്ടങ്ങൾ ഉണങ്ങാനിടുന്ന വസ്ത്രങ്ങൾ, ചെരുപ്പ് മുതലായവ കടിച്ച് കൊണ്ടുപോയി നശിപ്പിക്കുന്നത് പതിവാകുകയാണ്. കൂടുകൾ തകർത്ത് കോഴികളെയും, മുയലുകളെയും മാത്രമല്ല പൂച്ചകളെയും കൊന്നൊടുക്കുകയാണ്.
കുറ്റ്യാട്ടൂർ വില്ലേജ് ഓഫിസ്, കൂറുമ്പക്കാവ്, പള്ളിമുക്ക്, കുറ്റ്യാട്ടൂർ ശിവക്ഷേത്രം തുടങ്ങിയ ഭാഗങ്ങളിലാണ് തെരുവ് നായകൾ സ്വൈര്യവിഹാരം നടത്തുന്നത്.
ജനജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന തെരുവ്നായ ശല്യത്തിനെതിരെ നടപടികൾ സ്വീകരിക്കാൻ വൈമനസ്യം കാണിക്കുകയാണ് പഞ്ചായത്ത് അധികൃതരെന്ന് നാട്ടുകാർ ആരോപിക്കുന്നു.