മോഷ്ടിച്ച മാല വില്ക്കാൻ ജുവലറിയിലെത്തിയ യുവാവ് ഓടി രക്ഷപ്പെട്ടു
ഇരിട്ടിയിലെ ജുവലറിയിൽ നിന്നും മോഷ്ടിച്ച മാല വിൽക്കാൻ പേരാവൂരിലെ ജുവലറിയിൽ എത്തിയ യുവാവ് ജുവലറി മാനേജരുടെ ചോദ്യങ്ങൾക്ക് ഇടയിൽ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.
ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിലെ അറ്റലസ് ജുവലറിയിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഒന്നര പവൻ്റെ മാലയുമായി യുവാവ് കടന്നുകളഞ്ഞത്. മാല വാങ്ങാനെന്ന വ്യാജേന എത്തി ജീവനക്കാരനെ കബളിപ്പിച്ച് മേശപ്പുറത്ത് നിന്ന് ഒന്നര പവൻ്റെ മാല മോഷ്ടിച്ച് പോക്കറ്റിലിടുകയായിരുന്നു.അമ്മ പുറത്ത് കാറിലുണ്ടെന്നും കൂട്ടി വരാമെന്നും പറഞ്ഞ് പുറത്തിറങ്ങിയ യുവാവ് ഓടിപ്പോയതാണ് കടയുടമക്ക് സംശയത്തിന് ഇടയാക്കിയത്. ഉടനെ സി.സി.ടി.വി ചെക്ക് ചെയ്തപ്പോഴാണ് മാല നഷ്ടപ്പെട്ട കാര്യം അറിയുന്നത്. തുടർന്ന് സമീപത്തെല്ലാം തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതോടെ ദൃശ്യങ്ങൾ ജുവലറിക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലിടുകയും വിവരം കൈമാറുകയും ചെയ്തു. ആറു മണിയോടെ പേരാവൂരിലെ കളത്തിൽ ജുവലറിയിലെത്തിയ യുവാവ് വിൽക്കാൻ ഉണ്ടെന്ന് പറഞ്ഞ് മാനേജർ ഷംസീറിൻ്റെ കയ്യിൽ മാല കൊടുത്തു. എന്നാൽ മിനിറ്റുകൾക്ക് മുൻപ് വാട്ട്സ് ആപ്പിലുടെ ഇരിട്ടിയിലെ മോഷണം അറിഞ്ഞ ഷംസീർ യുവാവിനോട് മാലയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. ഈ സമയം ഷംസീറിനെ കൂടാതെ കടയിൽ മറ്റൊരു ജീവനക്കാരൻ കൂടി മാത്രമാണ് ഉണ്ടായിരുന്നത്.
മോഷ്ടാവ് രക്ഷപ്പെടാതെ നോക്കാൻ കടയുടെ പുറത്തുണ്ടായിരുന്ന രണ്ടു പേരെ ആംഗ്യത്തിലൂടെ വിളിച്ചു വരുത്തിയ ഷംസീർ യുവാവിനോട് മാല എവിടുന്ന് കിട്ടിയതാണെന്ന് ചോദിച്ചതോടെ അമ്മ പുറത്ത് കാറിലുണ്ട്, കൂട്ടി വരാമെന്നും പറഞ്ഞ് തിടുക്കത്തിൽ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
സമീപത്തെ ആസ്പത്രിക്ക് പിന്നിലെ വയൽ വഴി ഓടിയ യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. മാസങ്ങൾക്ക് മുൻപ് ഇരിട്ടിയിലെ മറ്റൊരു ജുവലറിയിൽ നിന്നും മാല മോഷ്ടിച്ച കേസിൽ അറസ്റ്റിലായ മാലൂർ തോലമ്പ്ര സ്വദേശിയായ യുവാവ് തന്നെയാണ് സമാന രീതിയിൽ വീണ്ടും തട്ടിപ്പിനെത്തിയത്.
കൂത്തുപറമ്പിലെയും ഇരിട്ടിയിലെയും വിവിധ ജുവലറികളിൽ ഇതേ യുവാവ് തിങ്കളാഴ്ച തട്ടിപ്പിന് എത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും കടയുടമകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇരിട്ടിയിലെ അറ്റലസ് ജുവലറി ഉടമ ഫൈസൽ നല്കിയ പരാതിയെ തുടർന്ന് ഇരിട്ടി പോലീസ് പേരാവൂരിലെ ജൂവലറിയിലെത്തി നഷ്ടപ്പെട്ട മാലയാണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. മോഷ്ടാവിനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.