ആ​ൺ വേ​ഷം ധ​രി​ച്ചെ​ത്തി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് ​പോ​യ യു​വ​തി അ​റ​സ്റ്റി​ൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ 27കാരി അറസ്റ്റിൽ. തിരുവനന്തപുരം അരുവിക്കുഴി സ്വദേശിനി സന്ധ്യയാണ് അറസ്റ്റിലായത്. ആണാണെന്ന് പരിചയപ്പെടുത്തി പെൺകുട്ടിയുമായി സൗഹൃദത്തിൽ ആയശേഷം തട്ടിക്കൊണ്ട് പോകുക ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്.

ആലപ്പുഴ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സന്ധ്യ കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയെന്നാണ് കേസ്.‌

'ചന്തു' എന്ന വ്യാജ പേരിലുള്ള അക്കൗണ്ട് വഴിയാണ് പെൺകുട്ടിയുമായി സൗഹൃദമുണ്ടാക്കിയത്. സൗഹൃദ ഗ്രൂപ്പുകളുണ്ടാക്കി പെൺകുട്ടികളുടെ സ്വകാര്യ വിഷമങ്ങൾ ഇത്തരം ഇടങ്ങളിൽ തുറന്ന് പറയാൻ പ്രേരിപ്പിച്ചാണ് സന്ധ്യ ഇവരുമായി അടുപ്പം ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.

മെസഞ്ചർ വഴിയാണ് പെൺകുട്ടിയെ ബന്ധപ്പെട്ടിരുന്നത്. വൈഫൈ ഉപയോഗിച്ച് ലാപ്ടോപ്പിലൂടെ മാത്രമായിരുന്നു സന്ധ്യ മെസഞ്ചർ ഉപയോ​ഗിച്ചിരുന്നത്. ഒമ്പത് ദിവസം മുൻപാണ് പെൺകുട്ടിയെ കാണാതായത്. സൈബർ സെല്ലിന്റെ സഹായത്തോടെ സമൂഹ മാധ്യമ അക്കൗണ്ടിൽ നിന്ന് യഥാർഥ പേരും ഫോൺ നമ്പറും കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ പക്കലുണ്ടായിരുന്ന പണവും സ്വർണവും സന്ധ്യ കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു. പൊലീസ് പിടികൂടുന്നത് വരെയും ഒപ്പമുള്ളത് സ്ത്രീയാണെന്ന് പെൺകുട്ടിക്ക് മനസ്സിലായിരുന്നില്ല.

2016 ൽ 14 വയസ്സുള്ള പെൺകുട്ടികളെ ഉപദ്രവിച്ചതിന് സന്ധ്യക്കെതിരെ രണ്ട് പോക്സോ കേസുകൾ നിലവിലുണ്ട്. ഇതിന് പുറമേ അടിപിടി കേസും ഇവരുടെ പേരിലുണ്ട്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് സന്ധ്യ. ഒരാഴ്ച നീണ്ട അന്വേഷണത്തിന് ഒടുവിൽ ത‌ൃശൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.