പൊന്നൻ ഷമീർ പുനരധിവാസ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടു

മാവേലി എക്സ്പ്രസിൽ റെയിൽവേ പോലീസിന്റെ ചവിട്ടേറ്റ കെ.ഷമീർ എന്ന പൊന്നൻ ഷമീർ മേലെ ചൊവ്വയിലെ പ്രത്യാശഭവൻ പുനരധിവാസ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രി മുറിയുടെ പൂട്ട് പൊളിച്ച് മറ്റു രണ്ട് പേർക്ക് ഒപ്പം കടന്നു കളയുകയായിരുന്നു. അമിത മദ്യപാനവും മാനസിക പ്രശ്നങ്ങളും കാരണം കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിന് ഇടെയാണ് ഷമീർ രക്ഷപ്പെട്ടത്. പ്രത്യാശ ഭവൻ അധികൃതർ പോലീസിൽ പരാതി നൽകി.

ബുധനാഴ്ച വൈകിട്ടാണ് ഷമീറിനെ റെയിൽവേ പോലീസ് പ്രത്യാശ ഭവനിലെത്തിച്ചത്. വീട്ടുകാർക്ക് വേണ്ടാത്ത അവസ്ഥയിൽ മദ്യപാന ചികിത്സയ്ക്ക് കൂടിയാണ് ഇവിടെയെത്തിച്ചത്. എത്തുമ്പോൾ ശാന്തനായിരുന്ന ഇയാൾ പിന്നീട് അക്രമ സ്വഭാവം കാണിക്കുക ആയിരുന്നു. വ്യാഴാഴ്ച പ്രത്യേക മുറിയിലാക്കി. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ജീവനക്കാർ മുറിയിൽ കണ്ടിരുന്നു.

ആംബുലൻസ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നയാളും റെയിൽവേ സ്റ്റേഷനിൽ പ്രശ്നങ്ങളുണ്ടാക്കിയ കേസിൽ ചികിത്സയിൽ ഉണ്ടായിരുന്ന ആളുമാണ്‌ ഇയാളുടെ കൂടെ രക്ഷപ്പെട്ടത്‌. വളപ്പിൽ നിന്ന് കിട്ടിയ കമ്പിയുപയോഗിച്ചാണ് മുറിയുടെ പൂട്ട് തകർത്തത്.

ശനിയാഴ്ച ഷമീർ സഹോദരിയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മദ്യപിച്ച് ടിക്കറ്റില്ലാതെ ഞായറാഴ്ച മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ കയറിയപ്പോഴാണ് ഷമീറിന് പോലീസിന്റെ ചവിട്ടേറ്റത്.

ബുധനാഴ്ച പുലർച്ചെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉറങ്ങുകയായിരുന്ന ഇയാളെ റെയിൽവേ പോലീസാണ് കണ്ടെത്തിയത്. തുടർന്ന് ഉച്ചയ്ക്ക് കണ്ണൂർ റെയിൽവേ പോലീസിന് കൈമാറി. വീട്ടുകാർ സ്വീകരിക്കാത്തതിനാൽ ഇയാളെ പിന്നീട് പ്രത്യാശ ഭവനിലേക്ക് മാറ്റുകയായിരുന്നു.