പച്ചക്കറി- ഫ്രൂട്സ് കട കത്തി നശിച്ചു
ഇന്ന് പുലർച്ചെയാണ് സംഭവം. തലശ്ശേരിയിൽ നിന്നും അഗ്നി രക്ഷാ സേനയുടെ രണ്ട് വാഹനങ്ങൾ എത്തിയാണ് തീയണച്ചത്. ഫ്രിഡ്ജുകൾ, സാധനങ്ങൾ തൂക്കുന്ന മെഷീനുകൾ, ഫ്രീസറുകൾ, ഫർണ്ണിച്ചറുകൾ ഉൾപ്പെടെ മുഴുവൻ സാധനങ്ങളും പച്ചക്കറികളും ഫ്രൂട്സും പൂർണ്ണമായി കത്തി നശിച്ചു.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. സജ്ജാദ് അഹമ്മദിൻ്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കട. പുന്നോൽ മാപ്പിള എൽ.പി.സ്കൂളിന് സമീപത്തെ കുന്നോത്ത് അസീസാണ് കട നടത്തുന്നത്. കടക്ക് തീ വെച്ചതാണെന്നാണ് കരുതുന്നത്.
കടയിലെ നിരീക്ഷണ ക്യാമറകളും മറ്റും കത്തി നശിച്ചെങ്കിലും തീ പിടിക്കുന്നതിന് മുമ്പുള്ള ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. തീ ആളിക്കത്തുന്നത് കണ്ട് നിർത്തിയ ലോറിയിലെ ഡ്രൈവർ തീയണക്കാൻ വെള്ളത്തിന് ചോദിച്ചിട്ട് വെള്ളം തരില്ലെന്ന് ഒരാൾ പറഞ്ഞതായി പരാതിയുണ്ട്.
ഇക്കാര്യം ലോറി ഡ്രൈവർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ന്യൂമാഹി പോലീസ് സ്ഥലത്തെത്തിയിരുന്നു. അഗ്നി രക്ഷാ സേനയിലെ അസി. സ്റ്റേഷൻ ഓഫീസർ വി.കെ.സന്ദീപിൻ്റെ നേതൃത്വത്തിൽ നിരൂപ്, റെനീഷ്, ശരത്ത്, ബിനീഷ്, ഗോകുൽ, നോബിൾ, പ്രേംലാൽ, സുബീഷ് പ്രേം എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.