ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തേക്കും

ട്രെക്കിങിന് പോയി മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും.

വന മേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിനാണ് കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരം കേസ് എടുക്കുക. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.

കേസെടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് എതിരെ കേസെടുക്കുന്നത് ബാബുവിന്റെ മൊഴിയെടുത്ത ശേഷം തീരുമാനിക്കും എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പാലക്കാട് ജില്ല ആശുപത്രി ഐ.സി.യുവിലാണ് ബാബു ഉള്ളത്. ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. ബാബുവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. 48 മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിന് ഒടുവിൽ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിൽ എത്തിച്ചത്.

രണ്ട് ദിവസത്തോളം വെള്ളവും ഭക്ഷണവും കിട്ടാത്തതിനാൽ ബാബു ക്ഷീണിതനായിരുന്നു. രാവിലെ നടത്തുന്ന പരിശോധനകൾക്ക് ശേഷമായിരിക്കും ബാബുവിനെ വാർഡിലേക്ക് മാറ്റുക.
───────────────────────
ബാബുവിനെതിരെ കേസെടുക്കില്ല: മന്ത്രി എ കെ ശശീന്ദ്രൻ

മലമ്പുഴ കൂർമ്പാച്ചി മലയിൽ ട്രെക്കിങ്ങിനിടെ പാറയിടുക്കിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ബാബുവിനെതിരെ കേസ് എടുക്കില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍.

മുഖ്യമന്ത്രി പിണറായി വിജയനുമായും മുഖ്യ ഫോറസ്‌റ്റ്‌ ഉദ്യോഗസ്‌ഥനുമായി മന്ത്രി ഇക്കാര്യം സംസാരിച്ചു. നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

വന മേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിന്‌ ഫോറസ്‌റ്റ്‌ ആക്‌കട്‌ സെക്ഷൻ 27 പ്രകാരം കേസെടുക്കുമെന്ന്‌ നേരത്തെ പറഞ്ഞിരുന്നു. ഇതാണ്‌ മന്ത്രി ഇടപെട്ട്‌ ഒഴിവാക്കിയത്‌.