വായനയെ കൂട്ടുകാരാക്കാൻ വായനാച്ചങ്ങാത്തം

സമഗ്ര ശിക്ഷാ കേരളം തളിപ്പറമ്പ് സൗത്ത് BRCയുടെ നേതൃത്വത്തിൽ കുട്ടികളിൽ സ്വതന്ത്ര വായന ഉണ്ടാക്കുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വതന്ത്ര വായന പരിപോഷണ പരിപാടി സംഘടിപ്പിച്ചു.

മാണിയൂർ സെൻട്രൽ എ എൽ പി സ്കൂളിൽ 15,16 തീയതികളിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യാപകരും, വിദ്യാലയത്തിലെ നാലാം തരത്തിലെ വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് പരിപാടിയിൽ പങ്കെടുത്തത്.

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ തയ്യാറാക്കിയ മാസികകൾ പ്രകാശനം ചെയ്തു.

സി ആർ സി കോർഡിനേറ്റർമാരായ ഷിഗിന കെ, സജിത കെ, ശാരിക എം.പി എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂൾ എച്ച് എം വിനോദിനി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അഷറഫ് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.