താഴെ ചൊവ്വ ടാങ്കർ ലോറി അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

താഴെചൊവ്വയിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി കടമുറി ഇടിച്ചു തകർത്തു. കടയുടെ മുന്നിൽ നിൽക്കുക ആയിരുന്ന യുവാവ് ലോറിക്കടിയിൽപ്പെട്ട് മരിച്ചു. കണ്ണൂർ ദയ മെഡിക്കൽസ് ജീവനക്കാരൻ തിലാന്നൂർ ചരപ്പുറം മുത്തപ്പൻ മടപ്പുരയ്ക്ക്‌ സമീപം താമസിക്കുന്ന ഹാരിസാണ്‌ (30) മരിച്ചത്. ശനിയാഴ്ച രാത്രി 11.30ഓടെയാണ് അപകടം.

കാസർകോട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ഇന്ധനവുമായി പോകുക ആയിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ പരിക്കേറ്റ യുവാവിനെ ഉടൻ കണ്ണൂർ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവ സമയം ഇദ്ദേഹം റോഡരികിൽ മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുക ആയിരുന്നു എന്നാണ് സൂചന. അപകടത്തിൽ കട പൂർണമായും തകർന്നു. സമീപത്ത് നിർത്തിയിട്ട സ്കൂട്ടറും തകർന്നു. പരിസരത്തെ വൈദ്യുതത്തൂണും നിലംപൊത്തി.

വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നാട്ടുകാരും പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ക്രെയിൻ ഉപയോഗിച്ച് ടാങ്കറും വൈദ്യുതത്തൂണും മാറ്റിയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. മേലെ ചൊവ്വയ്ക്കും താഴെ ചൊവ്വയ്ക്കും മധ്യേ തെഴുക്കിൽ പീടികയിലാണ് സംഭവം നടന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മിൽമ ബൂത്ത് തകർന്ന കടമുറിക്ക് തൊട്ടടുത്താണ്.

പരേതനായ സൈനുൽ ആബിദ്- സൈനബ ദമ്പതികളുടെ മകനാണ്‌ ഹാരിസ്‌. സഹോദരങ്ങൾ: ഷഫീക്ക്‌, നിസാർ, ഷെരീഫ, ഷബാന, ഷഹീറ.