കല്‍പ്പണ ഇടിഞ്ഞ് വീണ് രണ്ടു പേര്‍ക്ക് പരിക്ക്

ഉളിക്കല്‍ നൂച്ച്യാട് കല്‍പ്പണ ഇടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആണ് സംഭവം. കല്‍പ്പണയുടെ വന്‍ തിട്ട് ഇടിഞ്ഞ് മണ്ണും കല്ലും താഴേക്ക് വീഴുകയായിരുന്നു. ഈ സമയം ഇവിടെ ജോലി ചെയ്യുകയായിരുന്ന രണ്ട് ആസാം സ്വദേശികള്‍ മണ്ണില്‍ മൂടിപ്പോയി എങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.

മിഥുന്‍, മൈനുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മണ്ണ് ഇടിഞ്ഞ് വീഴുമ്പോള്‍ പതിനഞ്ച് പേര്‍ പണയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടതിനാല്‍ വലിയൊരു ദരന്തം ഒഴിവായി.

കല്ലുവെട്ട് യന്ത്രങ്ങളും ഉപകരണങ്ങളും മണ്ണില്‍ മൂടിക്കിടക്കുകയാണ്. വിവരമറിഞ്ഞ് ഇരിട്ടിയില്‍ നിന്ന് അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. അതിന് മുമ്പെ തന്നെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് പരിക്കേറ്റവരെ മണ്ണ് നീക്കി പുറത്തെത്തിച്ചിരുന്നു.

ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്. മഴയായതിനാല്‍ വശം ഇടിഞ്ഞതാണ് അപകടത്തിന് കാരണമായത്.