ഫയൽ തീർപ്പാക്കൽ; ഈ മാസം 15 മുതൽ സെപ്റ്റംബർ 30 വരെ തീവ്രയജ്ഞം

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ തീർപ്പാക്കാതെ അവശേഷിക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നു.

സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫീസ് തലം വരെയുള്ള എല്ലാ സർക്കാർ ഓഫീസുകളിലും ഫയൽ തീർപ്പാക്കാനുള്ള സമഗ്രവും കാര്യക്ഷമവുമായ പദ്ധതികൾ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പാക്കും. വകുപ്പ് തലത്തിൽ അതതു വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും ജില്ലാ തലത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും ഇതിനായുള്ള പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കാൻ നേതൃത്വം നൽകും.

വകുപ്പ് തലത്തിലും ജില്ല തലത്തിലും പ്രത്യേക യോഗങ്ങൾ നടത്തി പുരോഗതി ഘട്ടംഘട്ടമായി വിലയിരുത്തും. ചീഫ് സെക്രട്ടറി ഫയൽ തീർപ്പാക്കലിന്റെ ഉദ്യോഗസ്ഥ തലത്തിലുള്ള പൊതുവായ മേൽനോട്ടം വഹിക്കും.

ഫയൽ തീർപ്പാക്കലിന്റെ പുരോഗതി ഓരോ മാസവും മന്ത്രിസഭ ചർച്ച ചെയ്യും. ഇതിനു പുറമേ ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞം അവസാനിച്ച ശേഷം ഒക്ടോബർ പത്തിനകം ഓരോ വകുപ്പും വകുപ്പിലെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കും. തീർപ്പാക്കൽ വിശദാംശങ്ങൾ ഒക്ടോബർ 15നകം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പ്രസിദ്ധീകരിക്കും.