കുട്ടികൾക്ക് ഇനി ‘ചിരി’യിലൂടെ പുഞ്ചിരിക്കാം
കുട്ടികളിൽ പരീക്ഷ ഫലങ്ങളും പഠന ഭാരങ്ങളും സൃഷ്ടിക്കുന്ന മാനസിക സമ്മർദത്തിന് ഇനി ‘ചിരി’യിലൂടെ പരിഹാരം. ഓഫ്ലൈൻ പഠന കാലത്തെ കുട്ടികളിലെ മാനസിക സമ്മർദം ലഘൂകരിക്കാനായി ചിരി പദ്ധതി വിപുലീകരിക്കാൻ ഒരുങ്ങി പൊലീസ്.
പരീക്ഷ ഫലങ്ങളും പഠന ഭാരങ്ങളും കുട്ടികളിൽ ഏൽപ്പിക്കുന്ന മാനസിക സംഘർഷത്തിന് പരിഹാരം കാണാനാണ് കൈത്താങ്ങുമായി ‘ചിരി’ പദ്ധതിയിലൂടെ പൊലീസ് വീണ്ടും മുന്നിട്ട് ഇറങ്ങുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതിനായി രണ്ട് വർഷം മുമ്പാണ് കേരള പൊലീസ് ‘കാപ്’ (ചിൽഡ്രൻ ആൻസ് പൊലീസ്) പദ്ധതിയിലൂടെ ചിരിക്ക് തുടക്കം കുറിച്ചത്.
ചിരിയുടെ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് കുട്ടികള്‍ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി കോവിഡ് കാലത്ത് വിളിച്ചിരുന്നു. ആയിരക്കണക്കിന് ഫോൺ കാളുകളാണ് പദ്ധതിയുടെ കാൾ സെന്‍ററിലേക്ക് എത്തിയിരുന്നത്.
കോവിഡിന് ശേഷം പദ്ധതിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടായിരുന്നു. നിലവിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഫലങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദം ലഘൂകരിക്കാനാണ് ‘ചിരി’ വിപുലീകരിക്കാൻ തീരുമാനിച്ചത്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് കുട്ടികളെ കൂടാതെ അധ്യാപകർക്കും മാതാപിതാക്കൾക്കും പ്രശ്നങ്ങൾ പങ്കുവെക്കാൻ വിളിക്കാം.
മാനസിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികള്‍ക്ക് ടെലിഫോണിലൂടെ തന്നെ കൗണ്‍സലിങ് നല്‍കുന്നുണ്ട്. ജില്ലയിൽ കണ്ണൂർ ടൗൺ, പാനൂർ, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനുകളാണ് കാപിന് കീഴിലുള്ള ശിശു- സൗഹൃദ സ്റ്റേഷനുകളായുള്ളത്. കൗൺസലിങ്ങിനെ കൂടാതെ കൂടുതൽ സേവനം ആവശ്യമുള്ള കുട്ടികളുടെ വിവരങ്ങൾ അതത് സ്റ്റേഷനുകളിലെ ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കൈമാറും.
ഇവർ തുടർ നടപടി സ്വീകരിച്ച് കുട്ടികൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്ന രീതിയിലാണ് പ്രവർത്തനം. എല്ലാ ജില്ലകളിലെയും അഡീഷനല്‍ എസ്.പിമാരും സ്റ്റുഡന്‍റ് പൊലീസ് കാഡറ്റിന്‍റെ ചുമതലയുള്ള ഡിവൈ.എസ്.പിമാരുമാണ് ചിരി പദ്ധതിയുടെ ഏകോപനം നിര്‍വഹിക്കുന്നത്.

