ആഡംബര കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി നാല് യുവാക്കൾ കണ്ണൂർ എക്സൈസിന്റെ പിടിയിൽ

എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടത്തിയ പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി നാല് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. 

ഇരിട്ടി താലൂക്കിൽ മട്ടന്നൂർ പരിയാരം സൂറൂർ മൻസിൽ റഹൂഫ്‌ കെ.പി, നരയൻ പാറ പൊമ്മണിച്ചി ഹൗസിൽ ഷമീർ പി, വെളിയമ്പ്രയിലെ പൂക്കുണ്ട് ഹൗസിൽ സെമിർ എം, പാലോട്ട് പള്ളിയിലെ എം.കെ ഹൗസിൽ റിസ്വാൻ എം.സി എന്നിവരെ ആണ് കണ്ണൂർ റെയിഞ്ച് ഇൻസ്പെക്ടർ സിനു കൊയിലത്ത് അറസ്റ്റു ചെയ്തത്. 

എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു .കണ്ണൂർ സ്റ്റേഡിയം കോർണറിൽ വെച്ച് ചെറുകിട വിൽപ്പനക്കാർക്ക് എത്തിച്ച് നൽകിയ മയക്കുമരുന്ന് ആണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസിലും മയക്കുമരുന്ന് കേസിലും പോലീസ്, എക്സൈസ് ഓഫീസുകളിൽ നിരവധി കേസുകൾ ആണ് ഇവർക്കുള്ളത്. 

മട്ടന്നൂർ, ഇരിക്കൂർ, കണ്ണൂർ, ചാലോട് ഭാഗത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽപന നടത്തുന്നവരാണ് ഈ പ്രതികൾ. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ വലയിലായത്.