സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ

കെഎസ്ആർടിയുടെ ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് വി ഡി സതീശൻ. ‘പ്രിയദർശിനി’ എന്നാണ് പദ്ധതിക്ക് പേര് നൽകിയത്.

ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്. ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആദ്യ 100 ദിവസം പരീക്ഷണ അടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലാക്കും. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക.

'സംസ്ഥാന സർക്കാരിന്റെ ഇന്ദിരാ ഗാരണ്ടി പദ്ധതിയുടെ ഭാഗമായി ആദ്യ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനം അനുസരിച്ച്, ജൂൺ 15-ാം തീയതി മുതൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ബസിലെ ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര നടപ്പിലാക്കുന്നതിന് അംഗീകാരം നൽകാൻ തീരുമാനിച്ചു.' മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

'പദ്ധതിയിൽ വരുമാനം കണക്കാക്കില്ല. പ്രായം കണക്കാക്കില്ല, വ്യവസ്ഥകൾ ഒന്നും ഇല്ലാതെയാണ് പദ്ധതി ഇപ്പോൾ അംഗീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

പദ്ധതി സർക്കാരിന് ഒരുമാസം 65 മുതൽ 70 കോടിയോളം ബാധ്യത ഉണ്ടാക്കിയേക്കും. കെ എസ് ആർ ടി സിക്ക് അതിന്റെ വരുമാനത്തിൽ, ഒരു വർഷത്തിൽ 800 കോടി രൂപയിലധികം കുറവ് വരും.' മുഖ്യമന്ത്രി വ്യക്തമാക്കി.