കൊട്ടിയൂരിൽ രേവതി ആരാധനയ്‌ക്ക് ആയിരങ്ങൾ
ഇരിട്ടി> കൊട്ടിയൂർ വൈശാഖ മഹോത്സവ ചടങ്ങിലെ പ്രധാന നാല് ആരാധനകളിൽ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന അക്കരെ കൊട്ടിയൂരിൽ നടന്നു.
ആരാധന പൂജ, പൊന്നിൻ ശീവേലി, പ്രത്യേക നവകപൂജ എന്നിവയുണ്ടായി. പതിവ് ശീവേലിയോടൊപ്പം സ്വർണ കുടം, വെള്ളിക്കുടം, വെള്ളി വിളക്ക് വെള്ളിത്തട്ട് തുടങ്ങിയ പൂജാപാത്രങ്ങൾ എഴുന്നള്ളിക്കുന്ന പൊന്നിൻ ശീവേലിയും ഉണ്ടായി.
ശീവേലിക്കുശേഷം കോവിലകം കൈയാലയിൽ ആരാധന സദ്യ വിളമ്പി. ബുധനാഴ്ച വേക്കളത്തെ കരോത്ത് നായർ തറവാട്ടിൽനിന്ന് എത്തിച്ച പഞ്ചഗവ്യം ബാവലി പുഴക്കരയിൽ തേടൻ വാര്യർ കുത്തുവിളക്കോടെ സ്വീകരിച്ചു.
തുടർന്ന് ആരാധന പൂജയും സ്വയംഭൂശിലയിൽ പഞ്ചഗവ്യം, നവകം, കളഭം എന്നീ അഭിഷേകങ്ങളും നടന്നു. രേവതി തൊഴാൻ വൻ തീർഥാടന തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയോടെ തിരുവഞ്ചിറ തീർഥാടകരാൽ നിറഞ്ഞു.

