ഫ്രീഡം ഫുഡ്‌: ജയിൽ ഭക്ഷണത്തിന് വില കൂട്ടി

കണ്ണൂർ> ഫ്രീഡം ഫുഡ്‌ എന്ന പേരിൽ തടവുകാർ തയ്യാറാക്കി വിപണിയിൽ എത്തിക്കുന്ന ജയിൽ ഭക്ഷണത്തിന് വില കൂട്ടി. ചിക്കൻ ബിരിയാണിക്ക് 70 രൂപയിൽ നിന്ന്‌ 80 ആയും വെജിറ്റബിൾ ബിരിയാണിക്ക് 45-ൽ നിന്ന് 50 ആയും റൈസിന് 40-ൽ നിന്ന്‌ 45 രൂപയുമാണ് വർധന. മറ്റുള്ള ഉത്പന്നങ്ങൾക്ക് വില കൂട്ടിയിട്ടില്ല.

ജയിൽ ഉത്പന്നങ്ങളിൽ ഏറ്റവും ആവശ്യക്കാരുള്ളത് ചിക്കൻ ബിരിയാണിക്കും ചപ്പാത്തിക്കുമാണ്. വർധന അഞ്ചിന് പ്രാബല്യത്തിലായി. സാധനവില വർധിച്ചതിനാൽ ഉത്‌പന്ന വിലയും കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷം മുമ്പ് ജയിൽ സൂപ്രണ്ടുമാർ സർക്കാരിന് കത്ത് നൽകിയിരുന്നു. വിലക്കുറവും ഗുണമേന്മയും ഉള്ളതിനാൽ ജയിൽ ഭക്ഷണത്തിന് വൻഡിമാന്റുണ്ട്.

മാസം ശരാശരി 7,82,000 ചപ്പാത്തിയാണ് ജയിലിൽ നിന്ന്‌ വിപണിയിലെത്തുന്നത്. ചപ്പാത്തി, ബിരിയാണി, പച്ചക്കറി, ചിക്കൻ കറി, ചിക്കൻ കബാബ്, ചിക്കൻ ചില്ലി, മുട്ടക്കറി, കായ വറുത്തത്, ചോക്ലേറ്റ്, ലഡു എന്നിവയാണ് പ്രധാന വിഭവങ്ങൾ.

സെൻട്രൽ ജയിലിന് സമീപത്ത് പുതുതായി നിർമിച്ച ജയിൽ കഫെ, ജയിലിന് മുന്നിലെ രണ്ട് കൗണ്ടറുകൾ, തളിപ്പറമ്പ്, തലശ്ശേരി, കൂത്തുപറമ്പ് ബസ് സ്റ്റാൻഡുകൾ, കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്‌ എന്നിവിടങ്ങളിൽ ജയിൽ ഉത്പന്നങ്ങൾ ലഭ്യമാണ്.