മുഴപ്പിലങ്ങാട് ബീച്ചിലെ പലചരക്ക് കടയിൽ കൂറ്റൻ പെരുമ്പാമ്പ്
കണ്ണൂർ> ഏഷ്യയിലെ പ്രശസ്തമായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ പലചരക്ക് കടയ്ക്കുള്ളിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു.
കടയുടെ മേൽക്കൂരയോട് ചേർന്ന് സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പുകൾക്ക് ഇടയിലാണ് പെരുമ്പാമ്പ് ഒളിച്ചിരുന്നത്. മുഴപ്പിലങ്ങാട് ബീച്ചിലെ ചിൽഡ്രൻസ് പാർക്കിന് സമീപത്തെ അഫ്സലിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് ഇരതേടി പെരുമ്പാമ്പ് എത്തിയത്.
ഇന്ന് രാവിലെ പതിവുപോലെ കട തുറന്ന് അകത്ത് കയറിയപ്പോഴാണ് മേൽക്കൂരയിലെ പൈപ്പിനിടയിൽ ചുരുണ്ട് കൂടി കിടക്കുന്ന പാമ്പിനെ ഉടമസ്ഥൻ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ വിവരം നാട്ടുകാരെയും പൊതുപ്രവർത്തകരെയും അറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാച്ചാക്കര വാർഡ് വികസന സമിതി അംഗങ്ങളും പൊതുപ്രവർത്തകരുമായ വസീം കെ പി, മൂസക്കുട്ടി ബത്തയിൽ എന്നിവരുടെ നേതൃത്വത്തിലാണ് കടയ്ക്കുള്ളിൽ നിന്നും പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്.

തുടർന്ന് ഈ പാമ്പിനെ ജനവാസ മേഖലയിൽ നിന്നും മാറ്റി അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സുരക്ഷിതമായി വിട്ടയച്ചു. ബീച്ചിനോട് ചേർന്നുള്ള പാച്ചക്കര പ്രദേശത്ത് അടുത്തിടെയായി പെരുമ്പാമ്പുകളുടെ സാന്നിധ്യം വലിയ രീതിയിൽ വർധിച്ച് വരുന്നത് പ്രദേശവാസികൾക്ക് ഇടയിൽ കനത്ത ആശങ്കയ്ക്ക് കാരണമായി.